Follow on Facebook

Sunday, August 21, 2016

കാലൻ

മരിക്കണം എന്നാഗ്രഹിച്ചാണ് അവിടേക്ക് പോയത്. മറ്റാർക്കും സംശയം തോന്നാത്ത വിധം. വേദനയില്ലാതെ. ഒറ്റയടിക്ക്. വീണ്ടുവിചാരത്തിനു ഒരു സാധ്യതയും ഇല്ലാത്ത വിധം. ശരീരം എന്റേതാണെന്ന് പോലും തിരിച്ചറിയരുത്. post mortem ചെയ്യാൻ കൊണ്ട് പോയി ആശുപത്രി മോർച്ചറിയിൽ കിടത്തിയാൽ പോലും ഒരൊറ്റ മനുഷ്യൻ അടുക്കാൻ പാടില്ല. ശവങ്ങൾ വരെ റേപ്പ് ചെയ്യപ്പെടുന്ന കാലം ആണ്. ഇനിയിപ്പോൾ പൊതുദർശനത്തിനു  വച്ചാലും ഈ രൂപം കണ്ടു സിമ്പതി വേവ് അടിക്കാൻ നാവു പൊങ്ങരുത് . ഇത്രയൊക്കെ പ്ലാനിംഗ് നടത്തി ഞാൻ ആ യാത്ര പുറപ്പെടാൻ തീരുമാനിച്ചു.

ഒറ്റയ്ക്കാണ് പോയത്.  കാര്യം ആത്‍മഹത്യ വളരെ  ചീപ്പ് ആണെങ്കിലും ആരെയെങ്കിലും കൂടെ കൊണ്ടുപോയി ഈ സീൻ സാക്ഷിയാക്കാൻ മാത്രം ക്രൂരത എന്റെയുള്ളിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആദ്യത്തെ ആത്‍മഹത്യ ശ്രമം ആയതു കൊണ്ട് സംശയം ഇല്ലാത്ത രീതിയിൽ ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഒറ്റയ്ക്കു തന്നെ പോകണം. അതാവുമ്പോൾ എന്തെങ്കിലും ഒരു ഇന്നോവേഷനു സ്കോപ്പ് ഉണ്ടാകും. 

അന്ന് രാവിലെ ഞാൻ എണീറ്റപ്പോൾ ഇതുപോലെ സന്തോഷത്തോടെ ഞാൻ മുൻപെങ്ങും എണീറ്റിട്ടില്ല എന്നെനിക്ക് തോന്നി. കൂട്ടുകാർ എല്ലാവരോടും ഞാൻ കറങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഞാൻ സന്തോഷവതി ആയി കാണപ്പെടുന്നു എന്ന് പലരും പറഞ്ഞു. ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ കാണിക്കുന്ന ശുഷ്കാന്തിയെ അവർ അഭിനന്ദിച്ചു. എന്നെ ഒരുപാട് സ്നേഹിക്കുന്നെന്നും യാത്ര സൂക്ഷിച്ചു പോകണമെന്നും അവർ പറഞ്ഞു. ആ ദിവസം ഞാൻ എന്നെ തന്നെ സ്നേഹിച്ചു. ഇതുപോലെ പുഞ്ചിരി തൂകി മരണത്തെ വരിക്കാൻ പോകുന്ന എന്നെ കുറിച്ചോർത്തു ഞാൻ അഭിമാനം കൊണ്ടു.

എനിക്ക് ചെറിയ സ്വപ്നങ്ങളുടെ ഒരു ശേഖരം ഉണ്ടായിരുന്നു. അവയുടെ ബ്ലൂപ്രിന്റ് ഞാൻ ഒരു ഡയറിയിൽ കുറിച്ചിരുന്നു. അതിൽ എന്റെ വരവ് ചെലവ് കണക്കുകൾ, ബക്കറ്റ്‌ലിസ്റ്  മുതൽ വർഷങ്ങൾക് ശേഷം ജനിക്കാനിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ സ്കൂൾ ഫീസ് വരെ ഉണ്ടായിരുന്നു. ഞാൻ അങ്ങനെയാണ്. ജീവിച്ചാലും മരിച്ചാലും എനിക്കൊരു പ്ലാൻ ഉണ്ടായിരിക്കും. ആ ഡയറി ആണ് ആദ്യം മരിക്കേണ്ടത്. കത്തിച്ചു ചാരമാക്കൽ ഒക്കെ പഴഞ്ചൻ വിദ്യകൾ ആയതുകൊണ്ട് അത് വേണ്ടായെന്ന് വച്ചു. എറിഞ്ഞു കളയാൻ ധൈര്യമില്ല. മരണപ്ലാൻ വെറുതെയാവും. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഞാൻ മരിച്ചെന്നൊക്കെ വാർത്ത വരും. അതുകൊണ്ടു കുഴിച്ചിടാമെന്നോ  പാറയിൽ ഒളിപ്പിക്കാമെന്നോ കരുതി.

അങ്ങനെ യാത്ര തുടങ്ങി. ബസിൽ എന്റെ തൊട്ട് അപ്പുറത്തു മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്. ഉറക്കം തൂങ്ങി വീഴുന്ന അയാളെ സ്വന്തം പാട്ടിനു വിടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. വായും പൊളിച്ചു കൂർക്കം വലിച്ചിരിക്കുന്ന അയാളുടെ തലക്ക് രണ്ടു അടി വച്ച് കൊടുത്തിട്ട് "മരിക്കാൻ പോകുന്നവരെ എങ്കിലും ഒന്ന് സ്വസ്ഥമായി വിടടെ " എന്ന് പറയാൻ എനിക്ക് തോന്നി. ഇത്രയും ആലോചിച്ചു മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ  ഞാൻ നോക്കുന്നതിനിടയിൽ ബസ് ബ്രേക്ക് ഇടുകയും അയാളുടെ തല ഒന്ന് ആടിയുലയുകയും ചെയ്തു. വായിൽ നിന്ന് വന്നിരുന്ന തുപ്പൽ  തുടച്ചുകൊണ്ട് മുഖമൊന്ന് ഇളക്കി നാലുപാടും നോക്കി അവസാനം എന്റെ മുഖത്തോട്ട് നോക്കി കണ്ണ് ചിമ്മി ഇങ്ങനെ പറഞ്ഞു "ഇപ്പൊ ചത്തേനെ "


....തുടരും 

1 comment:

Unknown said...

interesting..