Follow on Facebook

Tuesday, August 22, 2017

കാലൻ - III

നഗരങ്ങളും ഗ്രാമങ്ങളും കടന്നു ബസ് പോകുന്നു. റോഡ് വീതി കുറയുന്നുണ്ട്. മരങ്ങൾ നിറഞ്ഞതും തണുപ്പേറിയതുമായ പ്രദേശത്തേക്ക് കടന്നിരിക്കുന്നു. വായന ഇടക്കെല്ലാം നിർത്തി ഞാൻ പുറത്തേക്കു നോക്കി.ഒരു വേള ഡയറി അടച്ചു ബാഗിൽ തിരിച്ചുവച്ചു. പലയിടത്തും ബസ് നിർത്തിയെങ്കിൽ എന്നാഗ്രഹിച്ചു. പണ്ടൊരിക്കെ പോയ ഒരു യാത്രയുടെ ഓർമ്മകൾ ഇരച്ചുകയറി. മരച്ചുവട്ടിലും അരുവിക്കരയിലും ഞാൻ എന്നെ കാണുന്നതായി തോന്നി. പാറയിടുക്കിലൂടെ ഒഴുകിയ അരുവി കാടിനെ തഴുകുന്നു. എന്നും അരുവി കാടിനെ തേടി വരും. ഇണ ചേരും. ഇലകളിൽ തട്ടുമ്പോൾ ഇക്കിളിയായ പോലെ ചിരിക്കും. ഞാൻ അറിയാതെ ചിരിച്ചെന്നു തോന്നുന്നു. അയാൾ കണ്ണ് തുറന്നു എന്നെ നോക്കി പുഞ്ചിരിക്കുകയാണ്. തോളത്തു ചാഞ്ഞുകൊണ്ടു തന്നെ. ഹ! എന്തൊരു നാണമില്ലാത്ത മനുഷ്യൻ.

തോളൊന്ന് വെട്ടിച്ചു കണ്ണൊന്ന് തുറിപ്പിച്ചു നോക്കിയപ്പോൾ ചിരിയടക്കി ഷൈലോക്ക് നേരെയിരുന്നു. വേറെ സീറ്റെങ്ങാനും ഉണ്ടോയെന്ന് നോക്കാൻ ഞാൻ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി.

"വേറെ സീറ്റ് ഇല്ല. ഇയാൾ എന്നെ സഹിച്ചേ പറ്റു."
വീണ്ടും ആ ചിരി. എനിക്ക് അരിശം കൂടി കൂടി വന്നു. 
"വായിക്കാൻ എന്തെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ വീണ്ടും ഉറങ്ങിവീഴും"
ശല്യം. വായിക്കാൻ എന്തെങ്കിലും കാണുമോയെന്നു നോക്കട്ടെ. ബാഗിൽ കയ്യിട്ടിളക്കി. ഡയറി മാത്രം.
"ഇല്ല. ബുക്കൊന്നും ഇല്ല."
"അല്ല, അപ്പൊ നേരത്തെ വായിച്ചിരുന്നത്? കാണാൻ പാടില്ലാത്ത വല്ല പുസ്തകോം ആണോ?" ആ ചിരിയിൽ ഇപ്പോൾ അശ്ലീലവും കലർന്നിരിക്കുന്നു. അയാളുടെ കണ്ണുകൾ എന്റെ മുഖത്തെന്തോ പരതുന്നതായി  തോന്നി. ആ നോട്ടം എന്നെ അസ്വസ്ഥപ്പെടുത്തി. അയാളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ മുഖം വെട്ടിച്ചു.

ഇതിലും ഭേദം എലിവിഷം കഴിക്കുന്നതായിരുന്നു. ഇയാളെ എങ്ങനെയും ഒഴിവാക്കണമെന്നു ഞാനുറപ്പിച്ചു.


...തുടരും