Follow on Facebook

Saturday, August 27, 2016

കാലൻ - II

പ്രിയതമനായ കാലനുമായി ഒന്നിക്കാൻ പോകുന്ന എനിക്ക് ഈ മനുഷ്യൻ ഒരു  ശല്യമാണെന്ന് തോന്നി. മരിക്കാനുള്ള മൂഡ് വരെ കളയും. ഷൈലോക്ക് തന്റെ ബാഗ് തപ്പുകയാണ്. നേരം കുറച്ചായി  സീറ്റിൽ ഇരുന്നു ചാടി കളിക്കുന്നു. ആകെ മൊത്തം അസ്വസ്ഥതയായപ്പോൾ മൗനം ഭഞ്ജിക്കാമെന്ന് തീരുമാനിച്ചു. അറിവിൽ ഏറ്റവും ഗൗരവം പൂണ്ട മുഖം പ്രദർശിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു, "എന്ത് പറ്റി ?"
"ഓ. മലയാളി?"
"ഉം"
"വാട്ടർ ബോട്ടിൽ. വെള്ളം കുടിക്കാനായിട്ടെ"
സീറ്റിനടുത്തു വച്ചിരിക്കുന്ന കുപ്പിയിലേക്ക് ഞാൻ നോക്കി. കാര്യം മനസ്സിലായപ്പോൾ ആശാൻ ഒന്ന് ചിരിച്ചു. "ഓ. താങ്ക്സ്"
ഒരു മിനിറ്റ് പോലും കടന്നു കാണില്ല. 
"ആദ്യായിട്ടാണോ പോകുന്നത്?"
അതെ മനുഷ്യാ. ആദ്യമായിട്ടും അവസാനമായിട്ടും.
 "ഉം അതെ"
"ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. നാട്ടിലെവിടാണ്? വീട്ടിലാരൊക്കെ? "
ആ ചോദ്യം ഞാൻ കേട്ടില്ലായെന്നു നടിച്ചു. ഇയർഫോൺ കുത്തി ഇല്ലാത്ത പാട്ടു കേൾക്കുന്നതായി ഭാവിച്ചു.  മൂന്നു മാസമായി ഞാൻ പാട്ടു കേട്ടിട്ട്. വലിയൊരു ആരാധിക അല്ലാത്തതുകൊണ്ട്  അതൊരു പ്രശ്‍നം ആയി തോന്നിയില്ല. മാത്രമല്ല, പാട്ടുകൾ അപകടകാരികളാണ്.  പുഞ്ചിരി തൂകി മരണത്തെ പുൽകാൻ പോകുന്നവരുടെ ഉള്ളിൽ വേദനയുടെ വിത്തു  പാകും. ഇല്ലാത്ത പ്രണയത്തെ കുറിച്ചോർത്തു വിലപിക്കും. ഇല്ലാത്ത രാജ്യസ്നേഹം പതഞ്ഞു വരും. ഇല്ലാത്തതെല്ലാം ഉണ്ടെന്ന് തോന്നും. ഉള്ളതെന്തോക്കെയോ ഇല്ലെന്നും തോന്നും. അതുകൊണ്ടു ഉദ്യമത്തിന്റെ പ്ലാനിങ്ങിൽ തന്നെ ആദ്യത്തെ പടി പാട്ടുകൾ ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു. 

ഷൈലോക്ക് വീണ്ടും ഉറക്കം തൂങ്ങി തുടങ്ങി. ഞാൻ ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു . ഇയർഫോൺ തിരിച്ചു ബാഗിൽ വച്ചു. അപ്പോഴാണ് ഡയറിയെ കുറിച്ച് ഓർത്തത്. ഞാൻ അത് പുറത്തെടുത്തു. പത്തോ നൂറോ തവണ വായിച്ചതാണെങ്കിലും വീണ്ടും അതൊന്നു വായിക്കണമെന്ന് തോന്നി. സ്വന്തം കഥ ആർക്കും മടുക്കില്ലല്ലോ. വായന തുടങ്ങി. ചിലപ്പോൾ ചിരിച്ചു. ചിലപ്പോൾ കണ്ണ് നിറഞ്ഞു. വായന തുടരവെ ഷൈലോക്ക് അനങ്ങുന്നതായി ഞാൻ അറിഞ്ഞു. അയാളുടെ തല ആടുന്നു. വിന്ഡോയിൽ തട്ടി അവിടുന്ന് എന്റെ ചുമലിൽ തട്ടി പിന്നെ തൂങ്ങിയാടി അങ്ങനെ അങ്ങനെ. ഉള്ളിൽ തോന്നിയ അസ്വാരസ്യം അയാളെ അറിയിക്കണമെന്ന് തോന്നിയെങ്കിലും അത് വേണ്ടെന്നു വച്ചു . ചിലരെ ഉണർത്തി അപ്രിയ സത്യങ്ങൾ പറയുന്നതിലും നല്ലതു ഉറങ്ങാൻ വിടുകയാണ്. വായന പുരോഗമിച്ചു. ഓരോ ഏടിലും ഇതിലും നന്നായി ജീവിതനാടകം കളിക്കാമായിരുന്നു എന്ന് തോന്നി. റീ-ട്ടേക്കുകൾ ഇല്ലാത്ത ജീവിതവും, ഭാവനക്കൊന്നും സാധ്യതകൾ ഇല്ലാത്ത തിരക്കഥയും. ഇതിനിടയിൽ ഷൈലോക്ക് തന്റെ ഉറക്കകളിക്ക് ഒരു ബ്രേക്ക് ഇട്ടു. തട്ടി തട്ടി ആ തല ഇപ്പോൾ എന്റെ ചുമലിൽ ആണ്. 

വായന മുന്നോട്ട്  കൊണ്ടുപോകണമെങ്കിൽ ഇനി ഞാൻ അനങ്ങാതെ ഇരുന്നു വായിക്കണം. ഉണർത്തിയാൽ പ്രശ്നമാണ്. വായനയുടെ ഒരു ഘട്ടത്തിൽ ഞാൻ ചിരിച്ചപ്പോൾ ഷൈലോക്കും ചിരിക്കുന്നുണ്ടെന്ന് തോന്നി. ആദ്യമൊന്നും ശ്രദ്ധ കൊടുത്തില്ലെങ്കിലും പിന്നെ അത് പ്രതിഫലിച്ചു വന്നു. ഞാൻ ചിരിക്കുമ്പോൾ ഷൈലോക്ക് ചിരിക്കുന്നു. എനിക്ക് വേദനിക്കുമ്പോൾ ഷൈലോക്കിന്റെ മുഖം വിളറുന്നു . 


...തുടരും 

Sunday, August 21, 2016

കാലൻ

മരിക്കണം എന്നാഗ്രഹിച്ചാണ് അവിടേക്ക് പോയത്. മറ്റാർക്കും സംശയം തോന്നാത്ത വിധം. വേദനയില്ലാതെ. ഒറ്റയടിക്ക്. വീണ്ടുവിചാരത്തിനു ഒരു സാധ്യതയും ഇല്ലാത്ത വിധം. ശരീരം എന്റേതാണെന്ന് പോലും തിരിച്ചറിയരുത്. post mortem ചെയ്യാൻ കൊണ്ട് പോയി ആശുപത്രി മോർച്ചറിയിൽ കിടത്തിയാൽ പോലും ഒരൊറ്റ മനുഷ്യൻ അടുക്കാൻ പാടില്ല. ശവങ്ങൾ വരെ റേപ്പ് ചെയ്യപ്പെടുന്ന കാലം ആണ്. ഇനിയിപ്പോൾ പൊതുദർശനത്തിനു  വച്ചാലും ഈ രൂപം കണ്ടു സിമ്പതി വേവ് അടിക്കാൻ നാവു പൊങ്ങരുത് . ഇത്രയൊക്കെ പ്ലാനിംഗ് നടത്തി ഞാൻ ആ യാത്ര പുറപ്പെടാൻ തീരുമാനിച്ചു.

ഒറ്റയ്ക്കാണ് പോയത്.  കാര്യം ആത്‍മഹത്യ വളരെ  ചീപ്പ് ആണെങ്കിലും ആരെയെങ്കിലും കൂടെ കൊണ്ടുപോയി ഈ സീൻ സാക്ഷിയാക്കാൻ മാത്രം ക്രൂരത എന്റെയുള്ളിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആദ്യത്തെ ആത്‍മഹത്യ ശ്രമം ആയതു കൊണ്ട് സംശയം ഇല്ലാത്ത രീതിയിൽ ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഒറ്റയ്ക്കു തന്നെ പോകണം. അതാവുമ്പോൾ എന്തെങ്കിലും ഒരു ഇന്നോവേഷനു സ്കോപ്പ് ഉണ്ടാകും. 

അന്ന് രാവിലെ ഞാൻ എണീറ്റപ്പോൾ ഇതുപോലെ സന്തോഷത്തോടെ ഞാൻ മുൻപെങ്ങും എണീറ്റിട്ടില്ല എന്നെനിക്ക് തോന്നി. കൂട്ടുകാർ എല്ലാവരോടും ഞാൻ കറങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഞാൻ സന്തോഷവതി ആയി കാണപ്പെടുന്നു എന്ന് പലരും പറഞ്ഞു. ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ കാണിക്കുന്ന ശുഷ്കാന്തിയെ അവർ അഭിനന്ദിച്ചു. എന്നെ ഒരുപാട് സ്നേഹിക്കുന്നെന്നും യാത്ര സൂക്ഷിച്ചു പോകണമെന്നും അവർ പറഞ്ഞു. ആ ദിവസം ഞാൻ എന്നെ തന്നെ സ്നേഹിച്ചു. ഇതുപോലെ പുഞ്ചിരി തൂകി മരണത്തെ വരിക്കാൻ പോകുന്ന എന്നെ കുറിച്ചോർത്തു ഞാൻ അഭിമാനം കൊണ്ടു.

എനിക്ക് ചെറിയ സ്വപ്നങ്ങളുടെ ഒരു ശേഖരം ഉണ്ടായിരുന്നു. അവയുടെ ബ്ലൂപ്രിന്റ് ഞാൻ ഒരു ഡയറിയിൽ കുറിച്ചിരുന്നു. അതിൽ എന്റെ വരവ് ചെലവ് കണക്കുകൾ, ബക്കറ്റ്‌ലിസ്റ്  മുതൽ വർഷങ്ങൾക് ശേഷം ജനിക്കാനിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ സ്കൂൾ ഫീസ് വരെ ഉണ്ടായിരുന്നു. ഞാൻ അങ്ങനെയാണ്. ജീവിച്ചാലും മരിച്ചാലും എനിക്കൊരു പ്ലാൻ ഉണ്ടായിരിക്കും. ആ ഡയറി ആണ് ആദ്യം മരിക്കേണ്ടത്. കത്തിച്ചു ചാരമാക്കൽ ഒക്കെ പഴഞ്ചൻ വിദ്യകൾ ആയതുകൊണ്ട് അത് വേണ്ടായെന്ന് വച്ചു. എറിഞ്ഞു കളയാൻ ധൈര്യമില്ല. മരണപ്ലാൻ വെറുതെയാവും. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഞാൻ മരിച്ചെന്നൊക്കെ വാർത്ത വരും. അതുകൊണ്ടു കുഴിച്ചിടാമെന്നോ  പാറയിൽ ഒളിപ്പിക്കാമെന്നോ കരുതി.

അങ്ങനെ യാത്ര തുടങ്ങി. ബസിൽ എന്റെ തൊട്ട് അപ്പുറത്തു മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്. ഉറക്കം തൂങ്ങി വീഴുന്ന അയാളെ സ്വന്തം പാട്ടിനു വിടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. വായും പൊളിച്ചു കൂർക്കം വലിച്ചിരിക്കുന്ന അയാളുടെ തലക്ക് രണ്ടു അടി വച്ച് കൊടുത്തിട്ട് "മരിക്കാൻ പോകുന്നവരെ എങ്കിലും ഒന്ന് സ്വസ്ഥമായി വിടടെ " എന്ന് പറയാൻ എനിക്ക് തോന്നി. ഇത്രയും ആലോചിച്ചു മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ  ഞാൻ നോക്കുന്നതിനിടയിൽ ബസ് ബ്രേക്ക് ഇടുകയും അയാളുടെ തല ഒന്ന് ആടിയുലയുകയും ചെയ്തു. വായിൽ നിന്ന് വന്നിരുന്ന തുപ്പൽ  തുടച്ചുകൊണ്ട് മുഖമൊന്ന് ഇളക്കി നാലുപാടും നോക്കി അവസാനം എന്റെ മുഖത്തോട്ട് നോക്കി കണ്ണ് ചിമ്മി ഇങ്ങനെ പറഞ്ഞു "ഇപ്പൊ ചത്തേനെ "


....തുടരും