Follow on Facebook

Monday, March 04, 2013

അതിഥി


ജനാലക്കിടയില്‍ കൂടെ സൂര്യപ്രകാശം കണ്ണുകളിലേക്ക് എത്തിയപ്പോള്‍  പുതപ്പിനുള്ളിലേക്ക്  ഞാന്‍ ഒളിച്ചു. അതിനുള്ളിലെ തണുപ്പിനെയും എകാന്തതയേയും പിന്നെ മരിച്ചു മരവിച്ചു കിടക്കുന്ന തലയിണയേയും ഞാന്‍ സ്നേഹിക്കുന്നു. ഞങ്ങളോടൊപ്പം മറ്റൊരാളും ഉണ്ടാവാറുണ്ട്. അയാള്‍ക്ക് തണുപ്പിനെ ഭയമായിരുന്നു. ഏകാന്തതയെ ഭയമായിരുന്നു. തലയിണയോടു അസൂയയായിരുന്നു. ആ പുതപ്പിനുള്ളില്‍ അയാള്‍ മരവിച്ചു കിടന്നിരുന്ന അന്ന്  തലയിണ തിരിച്ചെത്തി. തന്റെ പഴയ കാമുകിയോട് ചേരാന്‍. 
                                                
***

സന്ദര്‍ശന മുറിയുടെ നടുവില്‍, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി, അനുസരണയുള്ള കുട്ടിയെ പോലെ അടങ്ങി ഒതുങ്ങി ചിരിച്ചു കൊണ്ട് അയാള്‍ കിടക്കുന്നു. ഞാന്‍ വാവിട്ടു നിലവിളിക്കുമെന്ന്‍ ആരൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. സന്ദര്‍ശകരുടെ അഭിനയമികവിന് മനസ്സാല്‍ ഒരു അഭിനന്ദനം കൊടുത്തു കൊണ്ട് ഞാന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കയറി കിടന്നു. പുതപ്പിന് അയാളുടെ വിയര്‍പ്പിന്റെ ഗന്ധം ആണ്. ജനാലക്കരികിലെ മേശയില്‍ അയാളുടെ പുസ്തകങ്ങള്‍, പേന, കണ്ണാടി. ഈ മുറി അയാളുടെതാണ്. ഞാന്‍ വെറും അതിഥി. ഇപ്പോള്‍ അതിഥിയെ ഒറ്റയ്ക്കാക്കി മുറിയുടെ യജമാനന്‍ പോയിരിക്കുന്നു. 


***

അമ്മ തട്ടി വിളിക്കുന്നുണ്ട്.
"എണീക്ക് എണീക്ക് "
നിശബ്ധത.
പിന്നെ കാതു പൊട്ടുന്ന സ്വരം.
"നിന്നോടല്ലേടി എണീക്കാന്‍ പറഞ്ഞേ?"
ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കഴുത്തില്‍ നിന്നും വിയര്‍പ്പു തുടച്ചു മാറ്റി.ധൃതിയില്‍ ഒരുങ്ങി കോളേജിലേക്ക് യാത്രയായി.


2 comments:

Sachin Suresh said...

Nice work dear.

Medusae 2008 said...

:) but i didnt understand it full. i like your language