Follow on Facebook

Saturday, March 23, 2013

തൊട്ടാവാടിപ്പൂക്കള്‍


#By
#Bibin K Joseph
#EEE 09-13
#GEC Thrissur


" കൊട ഞാന്‍ തരില്ല ... അപ്പച്ചന്‍ അത് കളയും ..."
പ്രിയമോള്‍ അകത്തേക്കോടി.
വീണ്ടും ചോദിച്ച് നിരാശപ്പെടാതെ ഓനച്ചന്‍  ചേട്ടന്‍ പിടിപൊട്ടി കീറിയ കുടയുമായി മഴയത്തേക്കിറങ്ങി. ചേട്ടന്‍ കള്ളുഷാപ്പിലേക്കാണ്. പകലന്തിയോളം കൃഷിയിടത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന ചേട്ടന്‍ സന്ധ്യക്ക്‌ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മദ്യപിക്കും. പ്രിയ എട്ടാം ക്ലാസിലാണ്. കുട അപ്പച്ചന് കൊടുത്താല്‍, അത് കളഞ്ഞിട്ടു വരുമെന്ന് അവള്‍ക്കുറപ്പാണ്.

               ഓനച്ചന്‍ ചേട്ടന്‍ എന്റെ അയല്‍വാസിയാണ് സുഹൃത്താണ് അഭ്യുദയക്കാംക്ഷിയാണ്. ഷാപ്പില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ അത് അയലത്തുകാര്‍ അറിയണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട് . അതിനു തക്കത്തായ ശബ്ദവിന്യാസങ്ങള്‍ ഉണ്ടാകും. പശ്ചാത്തലത്തില്‍ ആന്‍സി ചേച്ചിയുടെയും പ്രിയമോളുടെയും സ്വരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാo. ഇത് ഓനച്ചന്‍ ചേട്ടന്റെ ശീലമായിരുന്നു. ഞങ്ങൾ ദുശ്ശീലമെന്ന് വിളിക്കും.

         
              ഒരു സാധാരണ ബുധനാഴ്ച അത്താഴം കഴിച്ച് ഞാൻ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ ഫോണ്‍...

"ഓനച്ചന്‍ മരിച്ചു... അറ്റാക്ക് ആയിരുന്നു... "

എന്റെ തലയിൽ മിന്നൽപിണർ ആഞ്ഞടിച്ചു. ഞാൻ നില്കുന്ന ഭാഗം താഴ്‌ന്ന് ഏതോ പാതാളത്തിലേക്ക് പോകുന്നതു പോലെ. ഞാൻ നാട്ടിലേക്ക് തിരിച്ചു. എത്തേണ്ടിടത്ത് എത്തുവാൻ കുന്നോളം നേരം എടുത്തു.

           
             ബസിറങ്ങി മൊബൈൽ വെളിച്ചത്തിൽ ഞാൻ നടന്നു. ദൂരെ നിന്നേ  ഓനച്ചന്‍ ചേട്ടന്റെ വീട്ടിലെ വെള്ളിവെളിച്ചം കാണാം. അടുക്കുന്തോറും മരണപ്പാട്ടുകളുടെ വ്യക്തത കൂടി വരുന്നു. കണ്മുൻപിൽ വന്ന മുഖങ്ങളിലെല്ലാം വിട്ടുമാറാത്ത ഞെട്ടൽ. ആരും മിണ്ടുന്നില്ല. ട്യൂബ് ലൈറ്റുകളുടെ മകരമഞ്ഞിൽ ചേതനയറ്റ ദേഹം ഞാൻ കണ്ടു. ആൻസി ചേച്ചിയും പ്രിയമോളും അലമുറയിട്ടു കരയുന്നു. നെഞ്ചുനീറുന്ന ആ അന്തരീക്ഷത്തിൽ എനികധികം നേരം നില്കാനായില്ല. ശ്വാസം കിട്ടാതാകുന്നത് പോലെ... മുറ്റത്തെ ആളൊഴിഞ്ഞ കോണിലെ കസേരയിൽ ഞാൻ ഇരുന്നു.

            ചുറ്റുമുള്ള പ്രകൃതിയുടെ വിഷാദവികാരത്തോട് സമരസപ്പെടുകയായിരുന്നു ഞാൻ. ഓർമ്മകൾ എന്റെ മനോമുകുരത്തിൽ നിഴലാട്ടങ്ങൾ നടത്തിക്കൊണ്ടിരുന്നു. അയൽക്കാരൻ എന്നതിലുപരി എന്റെ വീട്ടിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഓനച്ചന്‍ ചേട്ടൻ. കൃഷികാര്യങ്ങളിൽ അമ്മയ്ക്കും ജ്യേഷ്ഠനും നിർദേശങ്ങൾ നൽകുമായിരുന്നു. ഞങ്ങൾ ചിരികുമ്പോൾ കൂടെ ചിരിക്കും. കരഞ്ഞപ്പോഴൊക്കെ കൂടെ കരഞ്ഞു. എന്റെ നല്ല അയൽക്കാരൻ.

            കന്നാരപ്ലാവിന്റെ ആരും കയറാത്ത ഇതരത്തിൽ വരെ ചേട്ടൻ കയരുമായിരുന്നു. വെള്ളപ്പാണ്ടി പശുവിന്റെ മൂക്ക് കുത്താൻ സജീവ്‌ ഡോക്ടർ വന്നപ്പോൾ ചേട്ടൻ തനിച്ചാണ് പശുവിനെ പിടിച്ചു നിർത്തിയത്‌.  തേങ്ങ പെറുക്കുമ്പോൾ കുട്ട നിറഞ്ഞാലും പിന്നേയും ഇടീപ്പിക്കും... പശുവിനു പുല്ലരിയുമ്പോൾ എടുത്താൽ പൊങ്ങാത്ത കുട്ടയുമായിട്ടാണ് വരിക...


          വേദപഠന ക്ലാസിൽ ഞാൻ ജയ്സണച്ചനോട്  ചോദിച്ചു
" എന്തിനാണ്  'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ' യേശു പറഞ്ഞത്?... മറ്റെന്തെങ്കിലും ഉപമ മതിയായിരുന്നില്ലേ? "

അച്ഛൻ പറഞ്ഞു "ഇത് മനസ്സിലാക്കാൻ കുറച്ചു ദിവസം നീ നിന്റെ അയൽക്കാരനെ പോലെ നിന്നെ സ്നേഹിച്ചാൽ മതി... നിന്റെ അയൽക്കാരൻ നിന്നെ സ്നേഹിക്കുന്നത് പോലെ നീ നിന്നെ സ്നേഹിച്ചാൽ നീ കുളിക്കില്ല...  കഴിക്കില്ല... "
ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ പുഞ്ചിരി വിടർന്നു. എന്റെ അയൽക്കാരൻ ഓനച്ചന്‍ ചേട്ടനെപ്പോൽ ഞാൻ എന്നെ സ്നേഹിച്ചാൽ ദിവസവും നാലോ അഞ്ചോ തവണ ഞാൻ കുളിക്കേണ്ടി വരും.

           വർഷത്തിലൊരിക്കൽ മലയാറ്റൂരോ വേളാങ്കണ്ണിയിലോ പോകുന്ന പതിവുണ്ടായിരുന്നു ചേട്ടന്. ഒരിക്കൽ വേളാങ്കണ്ണിയിൽ പോകാൻ എന്നെ നിർബന്ധിച്ചു.
ഞാൻ പറഞ്ഞു "നമ്മൾ തമ്മിൽ ചേട്ടന്റെ വീട്ടിലിരുന്നും എന്റെ വീട്ടിലിരുന്നും പറമ്പിലിരുന്നും അബൂബക്കർ കാക്കുവിന്റെ ചായകടയിൽ ഇരുന്നും സംസാരിക്കാറില്ലേ? എവിടെ ഇരുന്ന് സംസാരിച്ചാലും സംഭാഷണം നമ്മൾ തമ്മിലാണ് നടക്കുന്നത്. എവിടെവച്ചായാലും പ്രാർത്ഥന അതിന്റെ ലക്ഷ്യസ്ഥാനത്തെത്തും. നമ്മുടെ പ്രവൃത്തികളാണ് പ്രാർത്ഥന. ഈശ്വരൻ നമ്മുടെ മനസ്സിലാണ്. തീർഥാടന കേന്ദ്രങ്ങളെല്ലാം വിഗ്രഹരാധനയിലെക്കാണു നമ്മെ നയിക്കുന്നത്. അവിടെ വീഴുന്ന നാണയത്തുട്ടുകൾ എങ്ങോട്ട് പോകുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു പോയാൽ ദൈവങ്ങൾക്ക് ഞാൻ അനഭിമതനാകുമോ എന്ന ഭയമുണ്ടെനിക്ക്. ആ തുട്ടുകളിൽ കുറച്ചെടുത്ത് കൊല്ലൻ ഭാസ്കരന്റെ വീടുപണി തീർക്കാനായെങ്കിൽ, രാധ ചേച്ചിയുടെ വേരികോസ്  വേയ്ൻ ഓപ്പറേഷൻ ചെയ്ത് കളഞ്ഞിരുന്നെങ്കിൽ നഫീസതാത്തയുടെ നിക്കാഹ് നടത്താൻ സാധിച്ചിരുന്നെങ്കിൽ... സമകാലീന സമൂഹത്തിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നവരാണ് ആത്മീയതയും ആതുരാലയങ്ങളും ദൃശ്യമാധ്യമങ്ങളും.

          നേരം വെളുത്തു. ആളുകളുടെ എണ്ണം കൂടി കൂടി വന്നു. പള്ളിലച്ചനും കപ്യാരും എത്തി. ഒപ്പീസ് തുടങ്ങി. മരണഗന്ധിയായ ഒട്ടനവധി പ്രാർഥനകൾ അച്ഛൻ ചൊല്ലി. ഞാൻ ആൻസി ചേച്ചിയെയും പ്രിയമോളെയും തെല്ലുനേരം നോക്കി നിന്നു. നോവ്‌ തളം കെട്ടി നില്കുന്ന മുഖങ്ങൾ... ആ മുഖങ്ങളിലെ നിസ്സഹായത ഹൃദയഭേദകമായി തോന്നി. എത്ര വേദനിപ്പിച്ചാലും മതിവരാത്ത അസുരനാണ് മരണം. അനുദിനം ആയിരക്കണക്കിന് പേർ മരിക്കുന്നു... കൊല്ലപ്പെടുന്നു. അവരുടെയൊക്കെ മൃതദേഹങ്ങൾക്ക് പിന്നിലിരുന്ന് വിതുമ്പുന്ന പതിനായിരങ്ങൾ ഉണ്ടാകാം. തന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നികത്താനാവാത്ത ശൂന്യത വിതച്ചാണ് ഓരോ മനുഷ്യനും മരിക്കുന്നെന്ന യാഥാർത്ഥ്യം നരാധമന്മാർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അരുംകൊലപാതകങ്ങൾ കുറഞ്ഞേനെ...

        സിമിത്തേരിയിൽ എത്തി അന്ത്യചുംബനത്തിന്റെ സമയമായി. ഒരു തൂവാലയിട്ട് ഞാനും ചുംബിച്ചു. തൂവാലകൾ മാറ്റി ആ മുഖം ഒരിക്കൽക്കൂടി കണ്ടാലോ എന്ന് വിചാരിച്ചു. ആളുകളുടെ തിക്കിതിരക്കലിൽ അതു  സാധിച്ചില്ല. എന്റെ കണ്ണുകളിൽ നനവിറങ്ങി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്കാൻ കഴിയില്ല. തിരിച്ചു പോകാൻ തീരുമാനിച്ചു. ആരോടും പറയാതെ ആരെയും അറിയിക്കാതെ പടികളിറങ്ങി ഞാൻ യാത്ര തിരിച്ചു.

            ട്രെയിനിൽ കയറിയിട്ടും മരണത്തിന്റെ ഗന്ധം എന്നെ വിട്ടു പിരിഞ്ഞില്ല. നെഞ്ചിനു വല്ലാത്ത കനം. രക്തധമനികൾ ഏതാണ്ട് നിശ്ചലമായതുപോലെ... ജനലിൽ ചാരി ഞാൻ ഇരുന്നു. പുറത്ത് കട്ട പിടിച്ച ഇരുട്ട്.

           എന്നെ സ്നേഹിക്കുന്നവരിൽ ഒരാൾ  കുറഞ്ഞിരിക്കുന്നു. കന്നാരപ്ലാവിന്റെ ചക്കയിടാനും, കിഴങ്ങടർത്താതെ കപ്പയും കാച്ചിലും പറക്കാനും, പള്ളിയിലച്ചനെ കുറിച്ച് കുറ്റം പറയാനും ഇനി എനിക്ക് ആരുണ്ട്? ആൻസി ചേച്ചിയും പ്രിയമോളും മറ്റെവിടെക്കെങ്കിലും പോകുമായിരിക്കും. കണക്കെടുത്തപ്പോൾ എന്റെ നഷ്ടങ്ങളുടെ ആഴം വർധിക്കുകയായി. എത്രെ പെട്ടെന്നാണ് ഓരോ ജീവനും അസ്തമിക്കുന്നത്. ഓനച്ചന്‍ ചേട്ടൻ മരിക്കുമെന്ന് അറിയാമായിരുന്നെങ്കിൽ പ്രിയമോൾ കുട നല്കുമായിരുന്നു.

            ഒരു നിമിഷം മതി പ്രിയപ്പെട്ടവർ വെറും ഓർമ്മയായി മാറാൻ എന്നാലോചിച്ചപ്പോൾ വലാത്ത ചൂട് തോന്നി. എത്രെയോ പേർ അനുദിനം നമുക്ക് നേരേ സ്നേഹത്തിന്റെ കരങ്ങൾ നീട്ടുന്നു. അവർക്കൊക്കെ മറുകരം നല്കാൻ നമുക്ക് സാധിക്കാറുണ്ടോ ? സന്തോഷത്തോടെ സംസാരിക്കാൻ വന്ന എത്രെയോ പേരേ എന്റെ മോശം സംസാരം വഴി ഞാൻ നിരാശനാക്കിയിട്ടുണ്ട്. എത്രെയോ പേരുടെ മമുഖപ്രസാദത്തേയാണു വിടുവായത്തം കൊണ്ട് തല്ലിക്കെടുത്തിയത്. അവരിൽ ആരൊക്കെ എപ്പോഴൊക്കെ ഇല്ലാതാകും എന്നറിയില്ല. ഇഷ്ടപ്പെട്ടതിനോടുള്ള ഇഷ്ടം കൂടി അനിഷ്ടം ആയി മാറുന്ന വിരോധാഭാസവും സംഭവിച്ചു കണ്ടിട്ടുണ്ട്. മൗനമാണ് ശക്തമായ ശബ്ദമത്രേ. സ്നേഹത്തിന്റെ മൂർത്തി ഭാവം ത്യാഗമാണ്. ഒരാൾ മറ്റൊരാളെ നിസ്വാർതമായി സ്നേഹിക്കുന്നുവെന്നതിനു അർഥം അയാൾ മറ്റെയാൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ ഒരുക്കമാണെന്നാണു.

            തൃശൂർ റൗണ്ടിലെ ജയ് ഹിന്ദ്‌ മാർകെറ്റിൽ സർബത്ത് വില്കുന്ന നിഖിൽ എന്നോട് പറഞ്ഞു
"സർബത്ത്  കുടിച്ച് ആർകും ദാഹം മാറാതിരിക്കരുത്. അതു കൊണ്ടാണ് ഞാൻ വലിയ ഗ്ലാസുകളിൽ സർബത്ത് വില്കുന്നത്. "
മറ്റുള്ളവരുടെ ദാഹം മാറ്റുന്നതിൽ കൃത്യർത്ഥത കണ്ടെത്തുന്ന ആ മനസ്സിന് മുമ്പിൽ ഞാൻ തൊഴുകൈയോടെ നിന്നു. ഞാൻ പറഞ്ഞു  " നിഖിൽ... നിങ്ങൾ സർബത്ത് വിൽകുകയല്ല, കൊടുക്കുകയാണ് "


            സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ ദാഹവുമായി നമ്മെ തേടി വരുന്ന ആരും ദാഹം തീരാതെ കടന്നുപോകാതിരിക്കട്ടെ. നമുക്ക് ചുറ്റുമുള്ള സ്നേഹവൃന്ദം തൊട്ടാവാടിപ്പൂക്കളെ പോലാണ്. ഒരു ചെറുകാറ്റു മതി അതിന്റെ സൗരഭ്യം ഇല്ലാതാക്കാൻ. കരുതലോടെ വേണം അവരെ പരിലാളിക്കാൻ.

            രാത്രി ഞാൻ ഹോസ്റ്റൽ റൂമിലെത്തി. അടുത്ത മുറിയില ക്യാരംസ് കളി സജീവമായി നടക്കുന്നു. ഞാൻ അങ്ങോട്ട്‌ ചെന്നു. വാടിയ മുഖം നോക്കി അൻവർ പറഞ്ഞു "വിഷാദമാണല്ലൊ എന്ത് പറ്റി ? "... റെഡിനൊപ്പം ഫോളോവർ ഇടാൻ പണിപെടുന്ന അവനോടു ഞാൻ പറഞ്ഞു ... "തോറ്റു മതിയായെങ്കിൽ നിർത്തിക്കൂടെ .."
മുറിയിൽ ചിരി വിരിഞ്ഞു. എന്നെ ചേർത്തുപിടിച്ച അഭിഷേകിന്റെ കൈകൾ തട്ടി മാറ്റി ഞാൻ നടന്നകന്നു. ഈ ചിരിയാണ് എനിക്ക് വേണ്ടത്. ചിരിയുടെ സംഗീതമാണ് എനിക്കിഷ്ടം. എന്റെ ഹൃദയരാഗം.



#This is written by my friend, Bibin. We request readers to give sincere comments and compliments on the article.#



         



Monday, March 04, 2013

അതിഥി


ജനാലക്കിടയില്‍ കൂടെ സൂര്യപ്രകാശം കണ്ണുകളിലേക്ക് എത്തിയപ്പോള്‍  പുതപ്പിനുള്ളിലേക്ക്  ഞാന്‍ ഒളിച്ചു. അതിനുള്ളിലെ തണുപ്പിനെയും എകാന്തതയേയും പിന്നെ മരിച്ചു മരവിച്ചു കിടക്കുന്ന തലയിണയേയും ഞാന്‍ സ്നേഹിക്കുന്നു. ഞങ്ങളോടൊപ്പം മറ്റൊരാളും ഉണ്ടാവാറുണ്ട്. അയാള്‍ക്ക് തണുപ്പിനെ ഭയമായിരുന്നു. ഏകാന്തതയെ ഭയമായിരുന്നു. തലയിണയോടു അസൂയയായിരുന്നു. ആ പുതപ്പിനുള്ളില്‍ അയാള്‍ മരവിച്ചു കിടന്നിരുന്ന അന്ന്  തലയിണ തിരിച്ചെത്തി. തന്റെ പഴയ കാമുകിയോട് ചേരാന്‍. 
                                                
***

സന്ദര്‍ശന മുറിയുടെ നടുവില്‍, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി, അനുസരണയുള്ള കുട്ടിയെ പോലെ അടങ്ങി ഒതുങ്ങി ചിരിച്ചു കൊണ്ട് അയാള്‍ കിടക്കുന്നു. ഞാന്‍ വാവിട്ടു നിലവിളിക്കുമെന്ന്‍ ആരൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. സന്ദര്‍ശകരുടെ അഭിനയമികവിന് മനസ്സാല്‍ ഒരു അഭിനന്ദനം കൊടുത്തു കൊണ്ട് ഞാന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കയറി കിടന്നു. പുതപ്പിന് അയാളുടെ വിയര്‍പ്പിന്റെ ഗന്ധം ആണ്. ജനാലക്കരികിലെ മേശയില്‍ അയാളുടെ പുസ്തകങ്ങള്‍, പേന, കണ്ണാടി. ഈ മുറി അയാളുടെതാണ്. ഞാന്‍ വെറും അതിഥി. ഇപ്പോള്‍ അതിഥിയെ ഒറ്റയ്ക്കാക്കി മുറിയുടെ യജമാനന്‍ പോയിരിക്കുന്നു. 


***

അമ്മ തട്ടി വിളിക്കുന്നുണ്ട്.
"എണീക്ക് എണീക്ക് "
നിശബ്ധത.
പിന്നെ കാതു പൊട്ടുന്ന സ്വരം.
"നിന്നോടല്ലേടി എണീക്കാന്‍ പറഞ്ഞേ?"
ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കഴുത്തില്‍ നിന്നും വിയര്‍പ്പു തുടച്ചു മാറ്റി.ധൃതിയില്‍ ഒരുങ്ങി കോളേജിലേക്ക് യാത്രയായി.


Saturday, November 17, 2012

അതും ശരിയായിരുന്നു


മനസ്സില്‍ ഉറപ്പിച്ചതാണ് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന്‍. അന്നത്തെ തീരുമാനങ്ങള്‍ക്ക്  യൌവനത്തിന്റെ ശക്തിയും പക്വതയില്ലായ്മയുടെ മുഷ്കും ഉണ്ടായിരുന്നു. ഇന്ന് പ്രായത്തേയും വെല്ലുവിളിച്ചുകൊണ്ട് ശരീരം ജീര്‍ണിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയതെല്ലാം തിരിച്ചു പിടിക്കാം എന്ന വ്യാമോഹം ഒന്നും ഇല്ലെങ്കിലും, മരണത്തിന്റെ ഇരുണ്ട അറയിലേക്ക് കേറും മുമ്പേ ഒരു ദിവസം. ഒരേ ഒരു ദിവസം. ശരിയും തെറ്റും അളക്കാന്‍ അല്ല. നിങ്ങളെയും എന്നെയും അളക്കാന്‍ അല്ല. ഇന്നലെയും ഇന്നും അളക്കാന്‍. നാളെ എന്നതിന് അളവുകോല്‍ ഇല്ലല്ലോ ....


ഒരു Classmates  സിനിമയുടെ background പോലെ എല്ലാവരും എത്തിയിട്ടുണ്ട്. ഒരു പത്തു വര്‍ഷത്തിന്റെ ഇടവേള പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിട്ടുണ്ട് . പലര്‍ക്കും നര കേറുന്നു , നെറ്റി കേറുന്നു , പലരും തടിച്ചു. കുട്ടികള്‍, കുടുംബം, തിരക്ക് . ചിലര്‍ക്ക് എങ്കിലും ജീവിതം അത്ര സുഖകരം അല്ലെന്നു തോന്നി. അപൂര്‍വ്വം എങ്കിലും ചിലര്‍ക്ക്  പാശ്ചാത്യ നാടിന്റെ മോടിയും. എല്ലാവരെയും അടുത്ത് കണ്ടതിന്റെ സന്തോഷം ഒരു വശത്ത് ഉണ്ടെങ്കിലും പരിഭ്രമം മറ്റൊരു രീതിയില്‍ പിടിമുറുക്കിയിരുന്നു.  പലരും പഴയ കൂടുകാരികളോട് കുസൃതി പറയുന്നുണ്ട്. ഇല കൊഴിഞ്ഞു പോയ പ്രണയം, പാതി വഴിയില്‍ എവ്ടെയോ മുറിഞ്ഞ സൗഹൃദം, പത്തു വര്‍ഷകാലത്തെ ഓര്‍മകളും. എല്ലാവര്‍ക്കും പറയാന്‍ നൂറു കൂട്ടം കഥകള്‍.


എത്തിയിട്ട് മണിക്കൂര്‍ ഒന്നായി എന്ന കാര്യം ഇപ്പോഴാണ് ഓര്‍ത്തത്‌. ആരോടും സംസാരിച്ചതും ഇല്ല എന്നതും. താനിവിടെ ഒരു വിളിപാടകലെ മാറി  നില്‍കുകയാണ്‌.  ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ താണ്ടി പുറകോട്ടു പോകുകയാണ്. ഓരോ മണ്‍ തരിയും ചെടിയും ഓരോ കഥകള്‍ ആണ്. എല്ലാത്തിനോടും പോരടിച്ചു ജീവിച്ച കാലം എന്നോ നഷ്‌ടം വന്നിരിക്കുന്നു. എല്ലാം നേടിയെന്ന പുഞ്ചിരി പുറത്ത് കാണിച്ചു കൊണ്ട് തന്നെ, എവിടെയോ ചില കൈമോശം വന്ന മോഹങ്ങള്‍. അങ്ങനെ എന്തിനെയോ തേടി ആണ് ഞാന്‍ വന്നിരികുന്നത്.  എല്ലാ കൂടുകാരെയും കണ്ടു, എല്ലാവരും നല്ല നിലയില്‍. കുട്ടികള്‍ മിടുക്കന്മാരും മിടുക്കികളും .


ഇങ്ങനെ പലതും ആലോചിച്ചു ഞാന്‍ നടന്നു നീങ്ങി. പലരെയും കണ്ടു.സംസാരിച്ചു. എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍. പലതിനും ഞാന്‍ ഉത്തരം പറഞ്ഞുവോ എന്ന്‍ ഓര്‍മയില്ല. എന്റെ ശ്രദ്ധ തിരിയുന്നു എന്ന്  എനിക്ക് തന്നെ തോന്നി തുടങ്ങി. പരിഭ്രമം ഉള്ളില്‍ ഒതുക്കാന്‍ ഞാന്‍ സെല്‍ എടുത്തു വിളിച്ചു.

"നമുക്ക് പോകാം. എനിക്ക് വയ്യ "
"കണ്ടോ?"
"ഇല്ല. പോകാം."
"വന്നിട്ടുണ്ട് . കണ്ടിട്ട് വരൂ"
"വേണ്ട. നമുക്ക് പോകാം."
"പറയുന്നത് കേള്‍ക്കു".

ഓഫ്‌.

അതെ. വന്നിട്ടുണ്ട്. ഞാന്‍ കണ്ടു. ഇളം നീല സാരിയില്‍ അയാളുടെ അടുത്തു നില്‍കുന്നത്  ഭാര്യയാണ്. കൂടെ ഒരു വെള്ള ഫ്രോക്ക്‌  ഇട്ട കുട്ടിയും. അയാള്‍ തടിച്ചിരിക്കുന്നു. കണ്ണുകളില്‍ പഴയ തിളക്കം ഇല്ല, എങ്കിലും സന്തോഷവാന്‍ ആണ്. സുന്ദരിയാണ് അവള്‍. നാട്ടിന്‍പുറത്തുകാരി ആയിരുന്നോ എന്നറിയില്ല, ഞാന്‍ കൊടുത്ത ഹസ്തദാനം അവര്‍ക്ക് അത്ര ഇഷ്ടപെട്ടില്ല. എന്നെ കുറിച്ച് അയാള്‍ പറഞ്ഞിട്ടുണ്ടോ എന്ന്  ചോദിക്കാന്‍ ധൈര്യപെട്ടില്ല. ചായ കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറി.

"എനിക്ക് പോയിട്ട് തിരക്ക്  ഉണ്ട്. പിന്നെ എപ്പോഴെങ്കിലും ആകാം. ഒന്ന്‍ കാണാന്‍ തോന്നി. ഇനി പറ്റുമോ എന്നറിയില്ലല്ലോ. അതുകൊണ്ട്‌ വന്നതാണ് ."

തിരികെ നടക്കും നേരം കാറില്‍ ഇരുന്നു മുഷിഞ്ഞ എന്റെ മകന്‍ ഓടി വന്നു.

"എങ്ങനെ ഉണ്ടെടാ അമ്മേടെ കോളേജ് ?"
"mamma... Ua friend's chick looks gorgeous!! She is B...."

വെള്ളിടി വെട്ടിയ വണ്ണം ഞാന്‍ അയാളെ നോക്കി. ഒരു നിമിഷം അയാള്‍ പകചു. പിന്നെ ചിരിക്കുവാന്‍ തുടങ്ങി. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ എനിക്ക് കൈമോശം വന്ന ചിരി...

Thursday, November 15, 2012

The Reminiscence: Part One

It has been a year since we met. And whenever we did, it was as if we met a sunshine while walking in rain. We lived in two parallel worlds, with our own circles of happiness and frustrations, satisfaction and disappointment. Some fine day in a year, we met, and in that one day we weighed our life in terms of what we had, and what we did not. That fine day, we tell each other that both of us had a journey-hard and unpredictable. That fine day when we sit close to each other, we take a deep breath recalling how life had been all these years. We were workoholic- except for the fact that he worked for something he love, and I worked for something I found right.

And that fine day...

"Ammukutty, do you watch movies?"
"Not really."
"Do you have boyfriends?"
"huh! Do I look like...?? "

The talk always took this straight path, a code of questions, to and fro. Neither of us had a permanent friend, except that we were too popular(unpopular may be) in socializing. His world was one of fame, intelligence and the string of women who sweared him love. Mine was one of sound, sound and sound. Yet that one day is crucial.

And yes, we are going to meet in a few days. While I thought of all these, half of the biscuits I desired to eat, fell into the cup of tea.

"Ammukutty..."

It came as a shock of excitement followed by a bit of disappointment when I turned back. To see that it was someone else. Somebody who began calling me by the same name. Lately.



Saturday, September 15, 2012

ചിന്താശകലം - ഒരു വിഡ്ഢി കഥ


"നാളെ ഒന്നു കാണാന്‍ പറ്റുമോ ? "
"എന്തിനാ ?"
"ഒരു കാര്യം പറയാനുണ്ട് ... വരുമോ ?"
"നോക്കാം "
"വരുമല്ലോ  അല്ലേ ? "
"ഉറക്കം  വരുന്നു . നാളെ കാണാം."

നാളെ .

... എന്നെ  വിട്ടിട്ടെന്തേ  പോയി മഞ്ചാടി കുരുവി നിന്നെ കാത്തീത്തീരതെന്റെ മോഹം വേരോടി ....

"ഈ പാട്ടു ഇഷ്ടാണോ ?"

"എന്താ പറയാനുള്ളത്‌ ? പോയിട്ട് ഇത്തിരി തിരക്കുണ്ട് ."

"എന്തിനാ കാണണം എന്ന് പറഞ്ഞതെന്ന്‍ തനിക്കറിയാം"

നിശബ്ദത.

" ഒരു ചായ ആയാലോ?"
"ഉം "

ചായ.

"എനിക്ക് പോകണം. സമയം വൈകി."
"ഞാന്‍ ചോദിച്ചതിനു ഉത്തരം കിട്ടിയില്ല"
"ഇല്ല. പറ്റില്ല. ഇപ്പോഴില്ല.ഇനിയില്ല. അങ്ങനെ എന്തോ ആണ് ഉത്തരം "
"പോയിക്കോളു "

പോയി.

Monday, April 23, 2012

ട്രോളി

അരമണിക്കൂറില്‍ അധികമായി ട്രോളിയും തള്ളിക്കൊണ്ട് കടയുടെ ഒരറ്റത്തുനിന്നും മറ്റൊരു അറ്റത്തേക്ക് നടക്കുന്നു. അവളുടെ കാലുകള്‍ വിറക്കുകയും നെറ്റിത്തടം വിയര്‍ക്കുകയും ചെയ്തിരിക്കുന്നു. സഹായഹസ്തവുമായി മുന്നോട്ട് വന്ന യൂണിഫാം ഇട്ട യുവതിയോട് വേണ്ട എന്ന ആംഗ്യം കാണിച്ചു. ഇടക്കെപ്പോഴോ നടത്തം നിര്‍ത്തി,കൈ വയറിനോട് ചേര്‍ത്ത് വച്ച് പറഞ്ഞു - "ഉറങ്ങിക്കോ, പേടിക്കേണ്ട. ഉറങ്ങിക്കോ".

ജീര്‍ണിച്ച പിടിവള്ളിയില്‍ തൂങ്ങി ആരുടെയൊക്കെയോ തീരുമാനങ്ങളുടെ ഭാരം പേറുന്ന ഉന്തുവണ്ടിയാണ് താന്‍ എന്ന അവള്‍ക്കു തോന്നി. 
തല കറങ്ങുന്നുണ്ടോ? വിയര്‍പ്പു തുള്ളികളെ സാരി തലപ്പ്‌ കൊണ്ട് മായ്ച്ചു. പാതി അടഞ്ഞ കണ്ണുകളില്‍ പരിചിതമായ ഏതോ മുഖം പ്രത്യക്ഷപ്പെട്ടു. 

കടയില്‍ നിന്നിറങ്ങി കാറില്‍ കയറി ഇരുന്നത്-ഇരുത്തിയത്- ഓര്‍മയുണ്ട്. തനിക്കു നേരെ നീട്ടിയ വെള്ളം കുടിച്ചതും ഓര്‍മയുണ്ട്. മയക്കത്തിനോടുവില്‍ കണ്ണുകള്‍ തുറന്ന നോക്കിയപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. ഓര്‍മ്മകള്‍ മാസങ്ങളും വര്‍ഷങ്ങളും താണ്ടി പോകുകയാണ്. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച, കോളേജ് വരാന്തയുടെ കോണുകളില്‍ ഉപേക്ഷിച്ച, ആ ഓര്‍മ ഇന്ന് ഇത്രയും അടുത്ത് എത്തിയിരിക്കുന്നു...

ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചു "ഈ സമയത്ത് ഒറ്റയ്ക്ക് ഇങ്ങനെ ഷോപ്പിംഗ്‌ വരാമോ? കുഞ്ഞിനെയെങ്കിലും ഓര്‍ക്കണ്ടേ? "

അവള്‍ക്ക് ഒന്നും മിണ്ടാനില്ല.

"എവിടെയാണ് ഡ്രോപ്പ് ചെയ്യേണ്ടത്? താന്‍ വീടിലേക്ക്‌ വിളിച്ചില്ല.എന്നാലും ഞാന്‍ വരും."

അവള്‍ പറഞ്ഞു "15,4th cross road,M J Nagar" 

"സംസാരിക്കണം എന്നില്ല ട്ടോ..നമുക്ക് ഹോസ്പിറ്റല്‍ പോകണോ?"

"എനിക്ക് വീട്ടില്‍ പോയാല്‍ മതി. എന്നെ വീട്ടില്‍ വിടൂ.."

"റിലാക്സ്‌ റിലാക്സ് കണ്ണടച്ച് ഇരുന്നോള്. ഇപ്പൊ എത്തും. "

"Im alright.... ഇനി കാണും എന്ന് കരുതിയതല്ല."

ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "എങ്ങനെ കാണും..ങേ..? തന്റെ വിവാഹത്തിന് താനും വിളിച്ചില്ല, എന്റെതിനു വന്നതും ഇല്ല...കോളേജ് വിട്ടതില്‍ പിന്നെ ആരുമായും contacts ഇല്ലെന്നു അറിഞ്ഞു... പിന്നെ, ഇത് ആദ്യത്തെ കുട്ടി? "

"ഉം"

"നിങ്ങള്‍ രണ്ടു പേരും മാത്രമേ ഉള്ളു ഇവിടെ?"

"ഉം"

"താന്‍ ആകെ മാറി കേട്ടോ..പണ്ട് എന്ത് രസായിരുന്നു, ല്ലേ? നമ്മളുടെ ക്ലാസ്സ്മുറികള്‍, exam നു മുമ്പുള്ള കോലാഹലം, canteen... ഇപ്പോള്‍ അതൊക്കെ ആലോചി..."

"എന്നെ വേഗം വീട്ടില്‍ എത്തിക്കൂ.." അവളുടെ കണ്ണുകള്‍ നിറഞ്ഞു..ഭാരം കുറയുന്ന പോലെ തോന്നി... സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു കണ്ണുകള്‍ അടഞ്ഞു..

അയാള്‍ തന്നെ വിളിക്കുന്നത് അവള്‍ക്കു കേള്‍ക്കാം... അയാള്‍ അവളുടെ ഫോണ്‍ എടുത്ത് contacts നോക്കി..ഒരു നമ്പര്‍ മാത്രം.... ഒരേയൊരു നമ്പര്‍... അയാള്‍ അതില്‍ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു 

"....നിങ്ങളുടെ wife നു സുഖമില്ല..ഞാന്‍ അവരുടെ പഴയൊരു classmate ആണ് വിളിക്കുന്നത്... നിങ്ങള്‍ ഉടനെ വരണം..." 

wife.classmate. 

അവള്‍ക്ക് ആ അക്ഷക്കൂട്ടുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതായി തോന്നി... കൈകള്‍ വയറിനോട് ചേര്‍ത്ത് വച്ചിട്ട് അവള്‍ പറഞ്ഞു 

"ഉറങ്ങിക്കോ,പേടിക്കേണ്ട. ഉറങ്ങിക്കോ"


  

Saturday, August 20, 2011

അന്നും മഴയായിരുന്നു....


 അമ്മയുടെ മാറിന്റെ ചൂടും, പാലിന്റെ മധുരവും,വീശിയടിച്ച കാറ്റിന്റെ തണുപ്പും-അതായിരുന്നു മഴ.എന്റെ ആദ്യത്തെ മഴ . അതെന്നെ കവിളില്‍ ചുംബിച്ചു  പിന്നീട് ചുണ്ടുകളിലും .മഴ - ഞാനതിനെ രുചിച്ചു.

  അമ്മയുടെ കണ്ണുവെട്ടിച്ചു തറവാടിന്റെ നടുമുറ്റത്ത് മഴകൊണ്ടപ്പോഴും, പനിച്ചപ്പോഴും, അച്ഛന്‍ ചൂടുകഞ്ഞി തന്നപ്പോഴും, മഴയെന്നെ നോക്കി കണ്ണിറുക്കി .

    വിദ്യാലയത്തിന്റെ ആദ്യദിവസം മഴയില്‍ കുതിര്‍ന്നതും , തിരികെ പോകും നേരം അച്ഛന്‍ കൈ വീശിയതും പിന്നീടുള്ള തണുത്തുറഞ്ഞ എല്ലാ മഴകാലത്തും കൂട്ടുകാരിയോട് ചേര്‍ന്നിരുന്നതും കഴിഞ്ഞു പോയ കാലത്തിന്റെ മായാത്ത ഓര്‍മകളായി അവശേഷിചെക്കാം .

പിന്നീടൊരിക്കല്‍ എന്നിലെ ബാല്യം കൊഴിഞ്ഞു വീണു. കണാടിയില്‍ ഞാന്‍ കണ്ട പ്രതിബിംബം മറ്റൊരാളായി മാറുകയും ചെയ്തിരുന്നു . മഴയെന്‍ കളിമണ്‍വീടുകളെ അലിയിചില്ലാതാകി.
 നനഞ്ഞ ദേഹവും നനുത്ത ദേഹിയുമായി ആ കുടക്കുള്ളില്‍ അഭയം കണ്ടെത്തിയപ്പോള്‍ ചേര്‍ത്ത് പിടിച്ച സുഹൃത്തിന്റെ കണ്ണുകളില്‍ താന്‍ ആരെല്ലാമോക്കെയോ ആയി തീര്‍ന്നതും അങ്ങനെയൊരു മഴകാലത്തായിരുന്നു .

 മഴയെന്‍ കുങ്കുമപൊട്ടു നനച്ചതും അതലിഞ്ഞെന്‍  താലി ചരടിലും പിന്നീടദ്ദേഹത്തിന്റെ വെള്ളകുപ്പായത്തിലും ചേര്‍ന്നത് ഒരായുഷ്കാലത്തിന്റെ ഓര്‍മയായിരുന്നു.

  എന്നിലെ ജീവന്റെ തുടിപ്പിനെ തിരിച്ചറിഞ്ഞതിനും, അമ്മയെന്ന വികാരത്തെ ഞാന്‍ സ്വീകരിച്ചതിനും മഴയെന്ന പ്രതിഭാസം നിറം ചാര്‍ത്തി.

 പിന്നീടുള്ള ഓരോ മഴക്കാലവും സുഖദുഖങ്ങള്‍ നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ട് പോയി മറഞ്ഞു.  അങ്ങനെ ആ അവസാന നാള്‍, അദ്ദേഹത്തിന്റെ മടിയില്‍ തല വച്ച് എന്നെന്നേക്കുമായി ഉറങ്ങിയപ്പോഴും, എന്റെ നെറ്റി തടത്തിലെ കുങ്കുമം മായ്ക്കാന്‍ ആ മഴക്ക് കഴിഞ്ഞില്ല, എന്റെ നാവില്‍ കണ്ണീരിന്റെ ഉപ്പു കലര്‍ത്താന്‍ കഴിഞ്ഞെങ്കിലും....