#By
#Bibin K Joseph
#EEE 09-13
#GEC Thrissur
" കൊട ഞാന്‍ തരില്ല ... അപ്പച്ചന്‍ അത് കളയും ..."
പ്രിയമോള്‍ അകത്തേക്കോടി.
വീണ്ടും ചോദിച്ച് നിരാശപ്പെടാതെ ഓനച്ചന്‍ ചേട്ടന്‍ പിടിപൊട്ടി കീറിയ കുടയുമായി മഴയത്തേക്കിറങ്ങി. ചേട്ടന്‍ കള്ളുഷാപ്പിലേക്കാണ്. പകലന്തിയോളം കൃഷിയിടത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന ചേട്ടന്‍ സന്ധ്യക്ക് സാമാന്യം ഭേദപ്പെട്ട രീതിയില്‍ മദ്യപിക്കും. പ്രിയ എട്ടാം ക്ലാസിലാണ്. കുട അപ്പച്ചന് കൊടുത്താല്‍, അത് കളഞ്ഞിട്ടു വരുമെന്ന് അവള്‍ക്കുറപ്പാണ്.
ഓനച്ചന്‍ ചേട്ടന്‍ എന്റെ അയല്‍വാസിയാണ് സുഹൃത്താണ് അഭ്യുദയക്കാംക്ഷിയാണ്. ഷാപ്പില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ അത് അയലത്തുകാര്‍ അറിയണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട് . അതിനു തക്കത്തായ ശബ്ദവിന്യാസങ്ങള്‍ ഉണ്ടാകും. പശ്ചാത്തലത്തില്‍ ആന്‍സി ചേച്ചിയുടെയും പ്രിയമോളുടെയും സ്വരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാo. ഇത് ഓനച്ചന്‍ ചേട്ടന്റെ ശീലമായിരുന്നു. ഞങ്ങൾ ദുശ്ശീലമെന്ന് വിളിക്കും.
ഒരു സാധാരണ ബുധനാഴ്ച അത്താഴം കഴിച്ച് ഞാൻ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ ഫോണ്‍...
"ഓനച്ചന്‍ മരിച്ചു... അറ്റാക്ക് ആയിരുന്നു... "
എന്റെ തലയിൽ മിന്നൽപിണർ ആഞ്ഞടിച്ചു. ഞാൻ നില്കുന്ന ഭാഗം താഴ്‌ന്ന് ഏതോ പാതാളത്തിലേക്ക് പോകുന്നതു പോലെ. ഞാൻ നാട്ടിലേക്ക് തിരിച്ചു. എത്തേണ്ടിടത്ത് എത്തുവാൻ കുന്നോളം നേരം എടുത്തു.
ബസിറങ്ങി മൊബൈൽ വെളിച്ചത്തിൽ ഞാൻ നടന്നു. ദൂരെ നിന്നേ ഓനച്ചന്‍ ചേട്ടന്റെ വീട്ടിലെ വെള്ളിവെളിച്ചം കാണാം. അടുക്കുന്തോറും മരണപ്പാട്ടുകളുടെ വ്യക്തത കൂടി വരുന്നു. കണ്മുൻപിൽ വന്ന മുഖങ്ങളിലെല്ലാം വിട്ടുമാറാത്ത ഞെട്ടൽ. ആരും മിണ്ടുന്നില്ല. ട്യൂബ് ലൈറ്റുകളുടെ മകരമഞ്ഞിൽ ചേതനയറ്റ ദേഹം ഞാൻ കണ്ടു. ആൻസി ചേച്ചിയും പ്രിയമോളും അലമുറയിട്ടു കരയുന്നു. നെഞ്ചുനീറുന്ന ആ അന്തരീക്ഷത്തിൽ എനികധികം നേരം നില്കാനായില്ല. ശ്വാസം കിട്ടാതാകുന്നത് പോലെ... മുറ്റത്തെ ആളൊഴിഞ്ഞ കോണിലെ കസേരയിൽ ഞാൻ ഇരുന്നു.
ചുറ്റുമുള്ള പ്രകൃതിയുടെ വിഷാദവികാരത്തോട് സമരസപ്പെടുകയായിരുന്നു ഞാൻ. ഓർമ്മകൾ എന്റെ മനോമുകുരത്തിൽ നിഴലാട്ടങ്ങൾ നടത്തിക്കൊണ്ടിരുന്നു. അയൽക്കാരൻ എന്നതിലുപരി എന്റെ വീട്ടിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഓനച്ചന്‍ ചേട്ടൻ. കൃഷികാര്യങ്ങളിൽ അമ്മയ്ക്കും ജ്യേഷ്ഠനും നിർദേശങ്ങൾ നൽകുമായിരുന്നു. ഞങ്ങൾ ചിരികുമ്പോൾ കൂടെ ചിരിക്കും. കരഞ്ഞപ്പോഴൊക്കെ കൂടെ കരഞ്ഞു. എന്റെ നല്ല അയൽക്കാരൻ.
കന്നാരപ്ലാവിന്റെ ആരും കയറാത്ത ഇതരത്തിൽ വരെ ചേട്ടൻ കയരുമായിരുന്നു. വെള്ളപ്പാണ്ടി പശുവിന്റെ മൂക്ക് കുത്താൻ സജീവ് ഡോക്ടർ വന്നപ്പോൾ ചേട്ടൻ തനിച്ചാണ് പശുവിനെ പിടിച്ചു നിർത്തിയത്. തേങ്ങ പെറുക്കുമ്പോൾ കുട്ട നിറഞ്ഞാലും പിന്നേയും ഇടീപ്പിക്കും... പശുവിനു പുല്ലരിയുമ്പോൾ എടുത്താൽ പൊങ്ങാത്ത കുട്ടയുമായിട്ടാണ് വരിക...
വേദപഠന ക്ലാസിൽ ഞാൻ ജയ്സണച്ചനോട് ചോദിച്ചു
" എന്തിനാണ് 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ' യേശു പറഞ്ഞത്?... മറ്റെന്തെങ്കിലും ഉപമ മതിയായിരുന്നില്ലേ? "
അച്ഛൻ പറഞ്ഞു "ഇത് മനസ്സിലാക്കാൻ കുറച്ചു ദിവസം നീ നിന്റെ അയൽക്കാരനെ പോലെ നിന്നെ സ്നേഹിച്ചാൽ മതി... നിന്റെ അയൽക്കാരൻ നിന്നെ സ്നേഹിക്കുന്നത് പോലെ നീ നിന്നെ സ്നേഹിച്ചാൽ നീ കുളിക്കില്ല... കഴിക്കില്ല... "
ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ പുഞ്ചിരി വിടർന്നു. എന്റെ അയൽക്കാരൻ ഓനച്ചന്‍ ചേട്ടനെപ്പോൽ ഞാൻ എന്നെ സ്നേഹിച്ചാൽ ദിവസവും നാലോ അഞ്ചോ തവണ ഞാൻ കുളിക്കേണ്ടി വരും.
വർഷത്തിലൊരിക്കൽ മലയാറ്റൂരോ വേളാങ്കണ്ണിയിലോ പോകുന്ന പതിവുണ്ടായിരുന്നു ചേട്ടന്. ഒരിക്കൽ വേളാങ്കണ്ണിയിൽ പോകാൻ എന്നെ നിർബന്ധിച്ചു.
ഞാൻ പറഞ്ഞു "നമ്മൾ തമ്മിൽ ചേട്ടന്റെ വീട്ടിലിരുന്നും എന്റെ വീട്ടിലിരുന്നും പറമ്പിലിരുന്നും അബൂബക്കർ കാക്കുവിന്റെ ചായകടയിൽ ഇരുന്നും സംസാരിക്കാറില്ലേ? എവിടെ ഇരുന്ന് സംസാരിച്ചാലും സംഭാഷണം നമ്മൾ തമ്മിലാണ് നടക്കുന്നത്. എവിടെവച്ചായാലും പ്രാർത്ഥന അതിന്റെ ലക്ഷ്യസ്ഥാനത്തെത്തും. നമ്മുടെ പ്രവൃത്തികളാണ് പ്രാർത്ഥന. ഈശ്വരൻ നമ്മുടെ മനസ്സിലാണ്. തീർഥാടന കേന്ദ്രങ്ങളെല്ലാം വിഗ്രഹരാധനയിലെക്കാണു നമ്മെ നയിക്കുന്നത്. അവിടെ വീഴുന്ന നാണയത്തുട്ടുകൾ എങ്ങോട്ട് പോകുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു പോയാൽ ദൈവങ്ങൾക്ക് ഞാൻ അനഭിമതനാകുമോ എന്ന ഭയമുണ്ടെനിക്ക്. ആ തുട്ടുകളിൽ കുറച്ചെടുത്ത് കൊല്ലൻ ഭാസ്കരന്റെ വീടുപണി തീർക്കാനായെങ്കിൽ, രാധ ചേച്ചിയുടെ വേരികോസ് വേയ്ൻ ഓപ്പറേഷൻ ചെയ്ത് കളഞ്ഞിരുന്നെങ്കിൽ നഫീസതാത്തയുടെ നിക്കാഹ് നടത്താൻ സാധിച്ചിരുന്നെങ്കിൽ... സമകാലീന സമൂഹത്തിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നവരാണ് ആത്മീയതയും ആതുരാലയങ്ങളും ദൃശ്യമാധ്യമങ്ങളും.
നേരം വെളുത്തു. ആളുകളുടെ എണ്ണം കൂടി കൂടി വന്നു. പള്ളിലച്ചനും കപ്യാരും എത്തി. ഒപ്പീസ് തുടങ്ങി. മരണഗന്ധിയായ ഒട്ടനവധി പ്രാർഥനകൾ അച്ഛൻ ചൊല്ലി. ഞാൻ ആൻസി ചേച്ചിയെയും പ്രിയമോളെയും തെല്ലുനേരം നോക്കി നിന്നു. നോവ് തളം കെട്ടി നില്കുന്ന മുഖങ്ങൾ... ആ മുഖങ്ങളിലെ നിസ്സഹായത ഹൃദയഭേദകമായി തോന്നി. എത്ര വേദനിപ്പിച്ചാലും മതിവരാത്ത അസുരനാണ് മരണം. അനുദിനം ആയിരക്കണക്കിന് പേർ മരിക്കുന്നു... കൊല്ലപ്പെടുന്നു. അവരുടെയൊക്കെ മൃതദേഹങ്ങൾക്ക് പിന്നിലിരുന്ന് വിതുമ്പുന്ന പതിനായിരങ്ങൾ ഉണ്ടാകാം. തന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നികത്താനാവാത്ത ശൂന്യത വിതച്ചാണ് ഓരോ മനുഷ്യനും മരിക്കുന്നെന്ന യാഥാർത്ഥ്യം നരാധമന്മാർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അരുംകൊലപാതകങ്ങൾ കുറഞ്ഞേനെ...
സിമിത്തേരിയിൽ എത്തി അന്ത്യചുംബനത്തിന്റെ സമയമായി. ഒരു തൂവാലയിട്ട് ഞാനും ചുംബിച്ചു. തൂവാലകൾ മാറ്റി ആ മുഖം ഒരിക്കൽക്കൂടി കണ്ടാലോ എന്ന് വിചാരിച്ചു. ആളുകളുടെ തിക്കിതിരക്കലിൽ അതു സാധിച്ചില്ല. എന്റെ കണ്ണുകളിൽ നനവിറങ്ങി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്കാൻ കഴിയില്ല. തിരിച്ചു പോകാൻ തീരുമാനിച്ചു. ആരോടും പറയാതെ ആരെയും അറിയിക്കാതെ പടികളിറങ്ങി ഞാൻ യാത്ര തിരിച്ചു.
ട്രെയിനിൽ കയറിയിട്ടും മരണത്തിന്റെ ഗന്ധം എന്നെ വിട്ടു പിരിഞ്ഞില്ല. നെഞ്ചിനു വല്ലാത്ത കനം. രക്തധമനികൾ ഏതാണ്ട് നിശ്ചലമായതുപോലെ... ജനലിൽ ചാരി ഞാൻ ഇരുന്നു. പുറത്ത് കട്ട പിടിച്ച ഇരുട്ട്.
എന്നെ സ്നേഹിക്കുന്നവരിൽ ഒരാൾ കുറഞ്ഞിരിക്കുന്നു. കന്നാരപ്ലാവിന്റെ ചക്കയിടാനും, കിഴങ്ങടർത്താതെ കപ്പയും കാച്ചിലും പറക്കാനും, പള്ളിയിലച്ചനെ കുറിച്ച് കുറ്റം പറയാനും ഇനി എനിക്ക് ആരുണ്ട്? ആൻസി ചേച്ചിയും പ്രിയമോളും മറ്റെവിടെക്കെങ്കിലും പോകുമായിരിക്കും. കണക്കെടുത്തപ്പോൾ എന്റെ നഷ്ടങ്ങളുടെ ആഴം വർധിക്കുകയായി. എത്രെ പെട്ടെന്നാണ് ഓരോ ജീവനും അസ്തമിക്കുന്നത്. ഓനച്ചന്‍ ചേട്ടൻ മരിക്കുമെന്ന് അറിയാമായിരുന്നെങ്കിൽ പ്രിയമോൾ കുട നല്കുമായിരുന്നു.
ഒരു നിമിഷം മതി പ്രിയപ്പെട്ടവർ വെറും ഓർമ്മയായി മാറാൻ എന്നാലോചിച്ചപ്പോൾ വലാത്ത ചൂട് തോന്നി. എത്രെയോ പേർ അനുദിനം നമുക്ക് നേരേ സ്നേഹത്തിന്റെ കരങ്ങൾ നീട്ടുന്നു. അവർക്കൊക്കെ മറുകരം നല്കാൻ നമുക്ക് സാധിക്കാറുണ്ടോ ? സന്തോഷത്തോടെ സംസാരിക്കാൻ വന്ന എത്രെയോ പേരേ എന്റെ മോശം സംസാരം വഴി ഞാൻ നിരാശനാക്കിയിട്ടുണ്ട്. എത്രെയോ പേരുടെ മമുഖപ്രസാദത്തേയാണു വിടുവായത്തം കൊണ്ട് തല്ലിക്കെടുത്തിയത്. അവരിൽ ആരൊക്കെ എപ്പോഴൊക്കെ ഇല്ലാതാകും എന്നറിയില്ല. ഇഷ്ടപ്പെട്ടതിനോടുള്ള ഇഷ്ടം കൂടി അനിഷ്ടം ആയി മാറുന്ന വിരോധാഭാസവും സംഭവിച്ചു കണ്ടിട്ടുണ്ട്. മൗനമാണ് ശക്തമായ ശബ്ദമത്രേ. സ്നേഹത്തിന്റെ മൂർത്തി ഭാവം ത്യാഗമാണ്. ഒരാൾ മറ്റൊരാളെ നിസ്വാർതമായി സ്നേഹിക്കുന്നുവെന്നതിനു അർഥം അയാൾ മറ്റെയാൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ ഒരുക്കമാണെന്നാണു.
തൃശൂർ റൗണ്ടിലെ ജയ് ഹിന്ദ് മാർകെറ്റിൽ സർബത്ത് വില്കുന്ന നിഖിൽ എന്നോട് പറഞ്ഞു
"സർബത്ത് കുടിച്ച് ആർകും ദാഹം മാറാതിരിക്കരുത്. അതു കൊണ്ടാണ് ഞാൻ വലിയ ഗ്ലാസുകളിൽ സർബത്ത് വില്കുന്നത്. "
മറ്റുള്ളവരുടെ ദാഹം മാറ്റുന്നതിൽ കൃത്യർത്ഥത കണ്ടെത്തുന്ന ആ മനസ്സിന് മുമ്പിൽ ഞാൻ തൊഴുകൈയോടെ നിന്നു. ഞാൻ പറഞ്ഞു " നിഖിൽ... നിങ്ങൾ സർബത്ത് വിൽകുകയല്ല, കൊടുക്കുകയാണ് "
സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ ദാഹവുമായി നമ്മെ തേടി വരുന്ന ആരും ദാഹം തീരാതെ കടന്നുപോകാതിരിക്കട്ടെ. നമുക്ക് ചുറ്റുമുള്ള സ്നേഹവൃന്ദം തൊട്ടാവാടിപ്പൂക്കളെ പോലാണ്. ഒരു ചെറുകാറ്റു മതി അതിന്റെ സൗരഭ്യം ഇല്ലാതാക്കാൻ. കരുതലോടെ വേണം അവരെ പരിലാളിക്കാൻ.
രാത്രി ഞാൻ ഹോസ്റ്റൽ റൂമിലെത്തി. അടുത്ത മുറിയില ക്യാരംസ് കളി സജീവമായി നടക്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു. വാടിയ മുഖം നോക്കി അൻവർ പറഞ്ഞു "വിഷാദമാണല്ലൊ എന്ത് പറ്റി ? "... റെഡിനൊപ്പം ഫോളോവർ ഇടാൻ പണിപെടുന്ന അവനോടു ഞാൻ പറഞ്ഞു ... "തോറ്റു മതിയായെങ്കിൽ നിർത്തിക്കൂടെ .."
മുറിയിൽ ചിരി വിരിഞ്ഞു. എന്നെ ചേർത്തുപിടിച്ച അഭിഷേകിന്റെ കൈകൾ തട്ടി മാറ്റി ഞാൻ നടന്നകന്നു. ഈ ചിരിയാണ് എനിക്ക് വേണ്ടത്. ചിരിയുടെ സംഗീതമാണ് എനിക്കിഷ്ടം. എന്റെ ഹൃദയരാഗം.
#This is written by my friend, Bibin. We request readers to give sincere comments and compliments on the article.#