അരമണിക്കൂറില്‍ അധികമായി ട്രോളിയും തള്ളിക്കൊണ്ട് കടയുടെ ഒരറ്റത്തുനിന്നും മറ്റൊരു അറ്റത്തേക്ക് നടക്കുന്നു. അവളുടെ കാലുകള്‍ വിറക്കുകയും നെറ്റിത്തടം വിയര്‍ക്കുകയും ചെയ്തിരിക്കുന്നു. സഹായഹസ്തവുമായി മുന്നോട്ട് വന്ന യൂണിഫാം ഇട്ട യുവതിയോട് വേണ്ട എന്ന ആംഗ്യം കാണിച്ചു. ഇടക്കെപ്പോഴോ നടത്തം നിര്‍ത്തി,കൈ വയറിനോട് ചേര്‍ത്ത് വച്ച് പറഞ്ഞു - "ഉറങ്ങിക്കോ, പേടിക്കേണ്ട. ഉറങ്ങിക്കോ".
ജീര്‍ണിച്ച പിടിവള്ളിയില്‍ തൂങ്ങി ആരുടെയൊക്കെയോ തീരുമാനങ്ങളുടെ ഭാരം പേറുന്ന ഉന്തുവണ്ടിയാണ് താന്‍ എന്ന അവള്‍ക്കു തോന്നി.
തല കറങ്ങുന്നുണ്ടോ? വിയര്‍പ്പു തുള്ളികളെ സാരി തലപ്പ് കൊണ്ട് മായ്ച്ചു. പാതി അടഞ്ഞ കണ്ണുകളില്‍ പരിചിതമായ ഏതോ മുഖം പ്രത്യക്ഷപ്പെട്ടു.
കടയില്‍ നിന്നിറങ്ങി കാറില്‍ കയറി ഇരുന്നത്-ഇരുത്തിയത്- ഓര്‍മയുണ്ട്. തനിക്കു നേരെ നീട്ടിയ വെള്ളം കുടിച്ചതും ഓര്‍മയുണ്ട്. മയക്കത്തിനോടുവില്‍ കണ്ണുകള്‍ തുറന്ന നോക്കിയപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. ഓര്‍മ്മകള്‍ മാസങ്ങളും വര്‍ഷങ്ങളും താണ്ടി പോകുകയാണ്. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച, കോളേജ് വരാന്തയുടെ കോണുകളില്‍ ഉപേക്ഷിച്ച, ആ ഓര്‍മ ഇന്ന് ഇത്രയും അടുത്ത് എത്തിയിരിക്കുന്നു...
ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചു "ഈ സമയത്ത് ഒറ്റയ്ക്ക് ഇങ്ങനെ ഷോപ്പിംഗ് വരാമോ? കുഞ്ഞിനെയെങ്കിലും ഓര്‍ക്കണ്ടേ? "
അവള്‍ക്ക് ഒന്നും മിണ്ടാനില്ല.
"എവിടെയാണ് ഡ്രോപ്പ് ചെയ്യേണ്ടത്? താന്‍ വീടിലേക്ക് വിളിച്ചില്ല.എന്നാലും ഞാന്‍ വരും."
അവള്‍ പറഞ്ഞു "15,4th cross road,M J Nagar"
"സംസാരിക്കണം എന്നില്ല ട്ടോ..നമുക്ക് ഹോസ്പിറ്റല്‍ പോകണോ?"
"എനിക്ക് വീട്ടില്‍ പോയാല്‍ മതി. എന്നെ വീട്ടില്‍ വിടൂ.."
"റിലാക്സ് റിലാക്സ് കണ്ണടച്ച് ഇരുന്നോള്. ഇപ്പൊ എത്തും. "
"Im alright.... ഇനി കാണും എന്ന് കരുതിയതല്ല."
ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "എങ്ങനെ കാണും..ങേ..? തന്റെ വിവാഹത്തിന് താനും വിളിച്ചില്ല, എന്റെതിനു വന്നതും ഇല്ല...കോളേജ് വിട്ടതില്‍ പിന്നെ ആരുമായും contacts ഇല്ലെന്നു അറിഞ്ഞു... പിന്നെ, ഇത് ആദ്യത്തെ കുട്ടി? "
"ഉം"
"നിങ്ങള്‍ രണ്ടു പേരും മാത്രമേ ഉള്ളു ഇവിടെ?"
"ഉം"
"താന്‍ ആകെ മാറി കേട്ടോ..പണ്ട് എന്ത് രസായിരുന്നു, ല്ലേ? നമ്മളുടെ ക്ലാസ്സ്മുറികള്‍, exam നു മുമ്പുള്ള കോലാഹലം, canteen... ഇപ്പോള്‍ അതൊക്കെ ആലോചി..."
"എന്നെ വേഗം വീട്ടില്‍ എത്തിക്കൂ.." അവളുടെ കണ്ണുകള്‍ നിറഞ്ഞു..ഭാരം കുറയുന്ന പോലെ തോന്നി... സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു കണ്ണുകള്‍ അടഞ്ഞു..
അയാള്‍ തന്നെ വിളിക്കുന്നത് അവള്‍ക്കു കേള്‍ക്കാം... അയാള്‍ അവളുടെ ഫോണ്‍ എടുത്ത് contacts നോക്കി..ഒരു നമ്പര്‍ മാത്രം.... ഒരേയൊരു നമ്പര്‍... അയാള്‍ അതില്‍ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു
"....നിങ്ങളുടെ wife നു സുഖമില്ല..ഞാന്‍ അവരുടെ പഴയൊരു classmate ആണ് വിളിക്കുന്നത്... നിങ്ങള്‍ ഉടനെ വരണം..."
wife.classmate.
അവള്‍ക്ക് ആ അക്ഷക്കൂട്ടുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതായി തോന്നി... കൈകള്‍ വയറിനോട് ചേര്‍ത്ത് വച്ചിട്ട് അവള്‍ പറഞ്ഞു
"ഉറങ്ങിക്കോ,പേടിക്കേണ്ട. ഉറങ്ങിക്കോ"