അമ്മയുടെ മാറിന്റെ ചൂടും, പാലിന്റെ മധുരവും,വീശിയടിച്ച കാറ്റിന്റെ തണുപ്പും-അതായിരുന്നു മഴ.എന്റെ ആദ്യത്തെ മഴ . അതെന്നെ കവിളില്‍ ചുംബിച്ചു പിന്നീട് ചുണ്ടുകളിലും .മഴ - ഞാനതിനെ രുചിച്ചു.
അമ്മയുടെ കണ്ണുവെട്ടിച്ചു തറവാടിന്റെ നടുമുറ്റത്ത് മഴകൊണ്ടപ്പോഴും, പനിച്ചപ്പോഴും, അച്ഛന്‍ ചൂടുകഞ്ഞി തന്നപ്പോഴും, മഴയെന്നെ നോക്കി കണ്ണിറുക്കി .
വിദ്യാലയത്തിന്റെ ആദ്യദിവസം മഴയില്‍ കുതിര്‍ന്നതും , തിരികെ പോകും നേരം അച്ഛന്‍ കൈ വീശിയതും പിന്നീടുള്ള തണുത്തുറഞ്ഞ എല്ലാ മഴകാലത്തും കൂട്ടുകാരിയോട് ചേര്‍ന്നിരുന്നതും കഴിഞ്ഞു പോയ കാലത്തിന്റെ മായാത്ത ഓര്‍മകളായി അവശേഷിചെക്കാം .
പിന്നീടൊരിക്കല്‍ എന്നിലെ ബാല്യം കൊഴിഞ്ഞു വീണു. കണാടിയില്‍ ഞാന്‍ കണ്ട പ്രതിബിംബം മറ്റൊരാളായി മാറുകയും ചെയ്തിരുന്നു . മഴയെന്‍ കളിമണ്‍വീടുകളെ അലിയിചില്ലാതാകി.
നനഞ്ഞ ദേഹവും നനുത്ത ദേഹിയുമായി ആ കുടക്കുള്ളില്‍ അഭയം കണ്ടെത്തിയപ്പോള്‍ ചേര്‍ത്ത് പിടിച്ച സുഹൃത്തിന്റെ കണ്ണുകളില്‍ താന്‍ ആരെല്ലാമോക്കെയോ ആയി തീര്‍ന്നതും അങ്ങനെയൊരു മഴകാലത്തായിരുന്നു .
മഴയെന്‍ കുങ്കുമപൊട്ടു നനച്ചതും അതലിഞ്ഞെന്‍ താലി ചരടിലും പിന്നീടദ്ദേഹത്തിന്റെ വെള്ളകുപ്പായത്തിലും ചേര്‍ന്നത് ഒരായുഷ്കാലത്തിന്റെ ഓര്‍മയായിരുന്നു.
എന്നിലെ ജീവന്റെ തുടിപ്പിനെ തിരിച്ചറിഞ്ഞതിനും, അമ്മയെന്ന വികാരത്തെ ഞാന്‍ സ്വീകരിച്ചതിനും മഴയെന്ന പ്രതിഭാസം നിറം ചാര്‍ത്തി.
പിന്നീടുള്ള ഓരോ മഴക്കാലവും സുഖദുഖങ്ങള്‍ നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ട് പോയി മറഞ്ഞു. അങ്ങനെ ആ അവസാന നാള്‍, അദ്ദേഹത്തിന്റെ മടിയില്‍ തല വച്ച് എന്നെന്നേക്കുമായി ഉറങ്ങിയപ്പോഴും, എന്റെ നെറ്റി തടത്തിലെ കുങ്കുമം മായ്ക്കാന്‍ ആ മഴക്ക് കഴിഞ്ഞില്ല, എന്റെ നാവില്‍ കണ്ണീരിന്റെ ഉപ്പു കലര്‍ത്താന്‍ കഴിഞ്ഞെങ്കിലും....